തിരുവനന്തപുരം: കേരള സർവകലാശാലയിലെ നിലവിലെ വിദ്യാർത്ഥി യൂണിയനെ അസാധുവാക്കിക്കൊണ്ട് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉത്തരവിറക്കി. പുതിയ യൂണിയൻ തെരഞ്ഞെടുപ്പിനായി ജനറൽ കൗൺസിൽ രൂപീകരിച്ചതോടെയാണ് നിലവിലെ സമിതി പുറത്തായത്. വിസിയുടെ ഈ നടപടിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാല ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്.
നിലവിലെ യൂണിയന്റെ കാലാവധി ഫെബ്രുവരി 28-ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം.പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രാഥമിക നടപടിയായാണ് പുതിയ ജനറൽ കൗൺസിൽ രൂപീകരിച്ചത്. യൂണിയന്റെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലുള്ള നിയമപരമായ നടപടി മാത്രമാണിതെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. ഒരു ഭരണസമിതിയുടെ കീഴിൽ രണ്ട് സർവകലാശാല കലോത്സവങ്ങൾ നടത്താനാകില്ലെന്നും വിസി ചൂണ്ടിക്കാട്ടി.
എന്നാൽ വിസിയുടെ നടപടി രാഷ്ട്രീയ പ്രേരിതവും പ്രതികാര നടപടിയുമാണെന്ന് എസ്എഫ്ഐ ആരോപിച്ചു.വരാനിരിക്കുന്ന സർവകലാശാല കലോത്സവം തടയാനാണ് വിസി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട യൂണിയനെ കാലാവധി തീരുന്നതിന് മുമ്പ് പിരിച്ചുവിടുന്നത് വിദ്യാർത്ഥികളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വിമർശിച്ചു.
വിസിയുടെ ഉത്തരവിനെത്തുടർന്ന് സർവകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ പോലീസുമായി വൻ സംഘർഷമുണ്ടായി. യൂണിയൻ ചെയർമാൻ അശ്വിൻ ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.